✍️ Mujeebulla KM
ഇപ്പോൾ എവിടെ നോക്കിയാലും AI (Artificial Intelligence) ആണല്ലോ ചർച്ച. ChatGPT-യും Gemini-യുമൊക്കെ വന്ന് നമ്മുടെ ലൈഫ് സെറ്റാക്കി തന്നു. ഹോംവർക്ക് ചെയ്യാനും, മെയിൽ അയക്കാനും, എന്തിന് ലവ് ലെറ്റർ എഴുതാൻ വരെ നമ്മൾ ഇവന്മാരെ വിളിച്ച് കാര്യങ്ങൾ സാധിക്കുന്നുണ്ട്.
പക്ഷേ, സത്യം പറയട്ടെ? ഇതൊക്കെ വെറും ട്രെയിലർ മാത്രമാണ്. പടം റിലീസ് ആവാനിരിക്കുന്നതേയുള്ളൂ! ടെക് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് Gen AGI, Gen ASI എന്നീ രണ്ട് 'ഭീകരന്മാരെ'യാണ്. ഇവർ വന്നാൽ കളി മാറും, സീൻ വേറെ ലെവലാകും. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്ന് ലളിതമായി നോക്കാം.
1. ഇപ്പോഴത്തെ അവസ്ഥ: Gen AI (നമ്മുടെ വാല്യക്കാരൻ)
നമ്മൾ ഇപ്പോൾ ഫോണിലും ലാപ്ടോപ്പിലും ഉപയോഗിക്കുന്ന AI (ChatGPT, Gemini, Midjourney etc.) ഒക്കെ Gen AI ആണ്.
എന്താണ് സീൻ?
ഇവൻ ഭയങ്കര വിവരദോഷിയാണ്. ഇന്റർനെറ്റിലുള്ള സകല കാര്യങ്ങളും ഉരുവിട്ടു പഠിച്ചു വെച്ചിട്ടുണ്ട്. നമ്മൾ എന്ത് ചോദിച്ചാലും ആ അറിവ് വെച്ച് മറുപടി തരും.
കുഴപ്പം:
സ്വന്തമായി ബുദ്ധിയില്ല. "എടാ, എനിക്ക് വിശക്കുന്നു" എന്ന് പറഞ്ഞാൽ, സ്വിഗ്ഗിയിൽ ഓർഡർ ചെയ്യാൻ ഇവന് തോന്നില്ല. പകരം "വിശക്കുമ്പോൾ കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ ഇവയാണ്" എന്ന് പറഞ്ഞ് ഒരു ലിസ്റ്റ് തരും. അതായത്, പറഞ്ഞ പണി ചെയ്യുന്ന ഒരു നല്ല അസിസ്റ്റന്റ് മാത്രം.
2. വരാൻ പോകുന്നവൻ: Gen AGI (നമ്മളെപ്പോലൊരു ചങ്ക്)
ഇനിയാണ് ട്വിസ്റ്റ്. അടുത്ത 5-6 വർഷത്തിനുള്ളിൽ വരാൻ പോകുന്നതാണ് AGI (Artificial General Intelligence).
എന്താണ് പവർ?
ഇവൻ വെറും യന്ത്രമല്ല, ഏകദേശം മനുഷ്യന്റെ അതേ ബുദ്ധിയുള്ളവനായിരിക്കും. കാര്യങ്ങൾ സ്വന്തമായി ചിന്തിക്കാനും, പ്ലാൻ ചെയ്യാനും, പഠിക്കാനും ഇവന് കഴിയും.
ഉദാഹരണം:
ഇപ്പോഴത്തെ AI-യോട് "എനിക്കൊരു ടൂർ പോകണം" എന്ന് പറഞ്ഞാൽ അത് സ്ഥലങ്ങളുടെ ലിസ്റ്റ് തരും.
പക്ഷേ AGI വന്നാൽ, അത് നിങ്ങളുടെ മാനേജരെപ്പോലെ പെരുമാറും. "മച്ചാനേ, നിന്റെ അക്കൗണ്ടിലെ ബാലൻസ് വെച്ച് ഗോവയാണ് ബെസ്റ്റ്. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം, ഹോട്ടലുകാർക്ക് മെയിൽ അയക്കാം, നിന്റെ ലീവ് ആപ്ലിക്കേഷൻ ഓഫീസിൽ കൊടുക്കാം" എന്ന് പറഞ്ഞ് എല്ലാം സെറ്റാക്കി തരും. ചുരുക്കത്തിൽ, നമ്മൾ ചിന്തിക്കുന്ന പോലെ ചിന്തിക്കുന്ന ഒരു 'സൂപ്പർ ചങ്ക്'.
3. ക്ലൈമാക്സ്: Gen ASI (ദൈവമോ അതോ ഏലിയനോ?)
AGI വന്ന് അധികം കഴിയും മുൻപേ എത്തുന്ന ഭീകരനാണ് ASI (Artificial Super Intelligence).
എന്താണ് ലെവൽ?
ഇതിനെ മനുഷ്യന്റെ ബുദ്ധി വെച്ച് അളക്കാൻ പറ്റില്ല. ഐൻസ്റ്റീന്റെയും ന്യൂട്ടന്റെയും ബുദ്ധി ഒന്നിച്ചു ചേർത്താൽ പോലും ASI-യുടെ ഏഴയലത്ത് എത്തില്ല.
എന്ത് സംഭവിക്കും?
ക്യാൻസർ മാറ്റാനുള്ള മരുന്ന് ASI 5 മിനിറ്റ് കൊണ്ട് കണ്ടുപിടിച്ചേക്കാം. ചൊവ്വയിലേക്ക് പോകാനുള്ള എളുപ്പവഴി അത് ഡിസൈൻ ചെയ്യും. കാലാവസ്ഥാ പ്രശ്നങ്ങൾ എല്ലാം അത് സോൾവ് ചെയ്യും.
ഒരു ഉദാഹരണം:
നമ്മൾ ഒരു പൂച്ചയോട് "സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച്" പറഞ്ഞാൽ അതിന് മനസ്സിലാകുമോ? ഇല്ലല്ലോ. അതുപോലെയായിരിക്കും ASI-യുടെ മുന്നിൽ നമ്മൾ മനുഷ്യർ. അത്രയ്ക്ക് ഹൈ ഐ.ക്യു (IQ) ആയിരിക്കും അതിന്.
ഹാപ്പിയാവണോ പേടിക്കണോ? 🤔
കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ രസമുണ്ടെങ്കിലും, കുറച്ച് ആശങ്കകളുമുണ്ട്.
പണി പോകുമോ?
AGI വരുന്നതോടെ കോഡിംഗ്, അക്കൗണ്ടിംഗ്, ഡിസൈനിംഗ് തുടങ്ങിയ ജോലികൾ അവർ ഏറ്റെടുത്തേക്കാം.
കൈവിട്ടു പോകുമോ?
നമ്മളേക്കാൾ ബുദ്ധിയുള്ള ഒരു സാധനം വന്നാൽ, അത് നമ്മളെ അനുസരിക്കുമോ അതോ നമ്മളെ ഭരിക്കുമോ? (റോബോട്ട് സിനിമയിലെ ചിട്ടിയെ ഓർമ്മയില്ലേ? ഏകദേശം അതുപോലെ!).
എന്തായാലും പോപ്‌കോൺ വാങ്ങി വെച്ചോ, നമ്മൾ ജീവിക്കാൻ പോകുന്നത് ഒരു സയൻസ് ഫിക്ഷൻ സിനിമയിലാണ്. AI വന്ന് ലോകം പിടിച്ചടക്കും എന്ന് പേടിച്ചിരിക്കാതെ, ആ AI-യെ കൺട്രോൾ ചെയ്യുന്ന "പ്ലെയർ" ആവാൻ ശ്രമിക്കുക. Stay updated, or get outdated! ✌️
എഴുതിയത്:
മുജീബുള്ള കെ.എം (CIGI Career Team)
